Voice of Truth

മലയാളി ജവാന്‍റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും: ഹൈക്കോടതി അഭിഭാഷകന്‍

കൊച്ചി: കശ്‍മീര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ ഹവീല്‍ദാര്‍ വിവി വസന്തകുമാറിന്‍റെ മക്കളുടെ വിദ്യാഭ്യാ ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം.

“പുല്‍വാമ സംഭവത്തില്‍ അതീവ ദുഖിതനാണ്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ജീവന്‍ നഷ്‍ടപ്പെട്ട ധീരനായി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്‍റെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്‍ക്ക് ഇത് എന്‍റെ ഉത്തരവാദിത്തമാണ്” ജോര്‍ജ്‍ പൂന്തോട്ടം, നിയമകാര്യ വെബ്‍സൈറ്റ് ലൈവ് ലോയോട് പറഞ്ഞു.

നാല്‍പ്പത് വര്‍ഷമായി അഭിഭാഷകനായ ജോര്‍ജ്‍ പൂന്തോട്ടം, കേരള ഹൈക്കോടതി അഭിഭാഷകനാണ്.

പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വി.വി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ നാട്ടില്‍ അവധിക്ക് വന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ബറ്റാലിയന്‍ മാറ്റം കിട്ടി വസന്തകുമാര്‍ കശ്മീരിലേക്ക് മടങ്ങിയത്. പിന്നാലെ ബന്ധുക്കളെ തേടി എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് വസന്തകുമാറിന്‍റെ പിതാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസന്തകുമാറിനെയും കുടുംബത്തിന് നഷ്ടമായിരിക്കുന്നത്.

Leave A Reply

Your email address will not be published.