ന്യൂഡല്‍ഹി: അഭിമാന വിജയം നേടിയതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ആം ആദ്മി പാര്‍ട്ടി. ഹാട്രിക് ജയത്തിനു മുന്നില്‍നിന്നു നയിച്ച അരവിന്ദ് കേജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയാകും. പുതു മുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണു നീക്കം. ഇന്നോ നാളെയൊ നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് അരവിന്ദ് കേജ്രിവാളിനെ നേതാവായി തിരഞ്ഞെടുക്കും. 16 ന് ആം ആദ്മി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണു സൂചന.
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭാ രൂപീകരണം. അതിഷി മെര്‍ലേന, അമാനത്തുള്ള ഖാന്‍, രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തിയേക്കും. പാര്‍ട്ടിയുടെ വക്താക്കളും തിരഞ്ഞെടുപ്പില്‍ ജയിച്ചതിനാല്‍ പാര്‍ട്ടി ചുമതലകളിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. .
എന്നാല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേടുകയാണ് കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടിയിലെ പ്രമുഖര്‍ ജയിച്ചു കയറിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ പരാജയം രുചിച്ചു. ഏറെ പ്രതീക്ഷയോടെ മല്‍സരിച്ച കോണ്‍ഗ്രസിന്റെ 63 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി. അര്‍വിന്ദര്‍ സിങ് ലൗലി, ദേവേന്ദര്‍ യാദവ്, അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവച്ച പണം തിരികെ പിടിക്കാന്‍ കഴിഞ്ഞത്. ആംആദ്മി വിട്ട് കോണ്‍ഗ്രസിനൊപ്പം മല്‍സരിച്ച അല്‍ക്ക ലാംബ, ആദര്‍ശ് ശാസ്ത്രി എന്നിവര്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
അതേസമയം തിരഞ്ഞെടുപ്പു തിരിച്ചടി വിലയിരുത്താന്‍ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തില്‍ ബിജെപി യോഗം ഉടന്‍ ചേരും