വീഡിയോ കോളിങ്ങിനിടെ ബാക്ക്ഗ്രൗണ്ട് ബ്ലർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ടോ? അടുക്കിപ്പെറുക്കി വെയ്ക്കുന്ന ശീലം ഇല്ലാത്തവരാണെങ്കിൽ പറയുകയും വേണ്ട. വൃത്തിഹീനമായ സാഹചര്യത്തിൽ ആരെങ്കിലും വീഡിയോ കോളിങ്ങിനു വന്നാൽ എവിടെയിരുന്ന് സംസാരിക്കുമെന്നുള്ള പകപ്പ് ഉണ്ടാവുകയും ചെയ്യും. ഈ ബദ്ധിമുട്ടുകൾക്ക് പരിഹാരവുമായാണ് സ്കൈപ്പ് പുതുപുത്തൻ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.
പശ്ചാത്തലം ബ്ലർ ചെയ്ത് സംസാരിക്കാനുള്ള വഴിയാണ് സ്കൈപ്പ് ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയായിരിക്കും ഇത് പ്രവർത്തിക്കുക. വീഡോ കോൾ ചെയ്യുന്ന ആൾക്ക് പിന്നിലുള്ള വസ്തുക്കളെ മായ്ച്ച് കളയാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്കൈപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അതങ്ങ് ചെയ്തു നോക്കൂ. പുതിയ ഫീച്ചർ അനുഭവിക്കാനാകും.
ബാക്ക്ഗ്രൗണ്ട് എങ്ങനെ ബ്ലർ ചെയ്യാം?
കോൾ ആരംഭിക്കുന്ന സമയത്ത് സ്ക്രീനിന്റെ അടിഭാഗത്തുള്ള ബ്ലർ മൈ ബാക്ക്ഗ്രൗണ്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക അതല്ലെങ്കിൽ സ്ക്രീനിന്റെ വലതുഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. പോപ്പ് അപ്പ് മെനുവിൽനിന്നും ബ്ലർ മൈ ബാക്ക്ഗ്രൗ ണ്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഉപഭോക്താവിന്റെ മുഖം തെളിഞ്ഞു കാണാൻ ബ്ലർ മൈ ബാക്ക്ഗ്രൗണ്ട് ഫീച്ചർ സഹായിക്കും. ഉപഭോക്താവിന്റെ പിൻവശം എപ്പോഴും ബ്ലർ ആയിരിക്കുമെന്ന് ഉറപ്പ് നൽകാനാവില്ലെന്നും സ്കൈപ്പിന്റെ നിർമ്മാതാക്കളായ മൈക്രോസോഫ്റ്റ് പറഞ്ഞു.