രണ്ടു പതിറ്റാണ്ടിനിടയില്‍ ഇന്ത്യകണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ഫോനി ഒഡീഷ തീരത്തോട് അടുത്തിരിക്കുകയാണ്. മണിക്കൂറില്‍ ഇരുനൂറു കിലോമീറ്ററുകള്‍ക്കടുത്ത വേഗതയില്‍ ആഞ്ഞുവീശുന്ന ഫോനിയെക്കുറിച്ച് വലിയ ആകാംക്ഷയിലാണ് സകലരും. നേവി, ദേശീയ ദുരന്ത നിവാരണ സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവരെല്ലാം പ്രവര്‍ത്തന നിരതരാണ്. വിവിധ സര്‍ക്കാരുകള്‍ ഈ പ്രത്യേക സാഹചര്യത്തെ നേരിടുന്നതിനായി ഒരുങ്ങിയിരിക്കുന്നു. ഒഡീഷയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സമീപ സംസ്ഥാനങ്ങളും ആശങ്കയിലാണ്. ലക്ഷക്കണക്കിന് ആള്‍ക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലെയ്ക്ക് മാറ്റിയിരിക്കുന്നു. കൊല്‍ക്കത്ത എയര്‍ പോര്‍ട്ട് അടയ്ക്കുന്നു. നിരവധി ട്രെയിനുകള്‍ ഇതിനകം റദ്ദാക്കിയിരിക്കുന്നു. ഒഡീഷയില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്കാണ് ചുഴലിക്കാറ്റ് നീങ്ങുക.
ഒഡീഷയ്ക്ക് ചുഴലിക്കൊടുങ്കാറ്റുകള്‍ പുതുമയല്ല. 1999ല്‍ ഒഡീഷയെ പ്രഹരിച്ച കൊടുംകാറ്റില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ അനുസരിച്ച്, കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്കിടെ ഇത്തരം പതിനാല് കൊടുങ്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ചിട്ടുണ്ട്. അവയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മറികടന്ന് പോയിട്ടുള്ള ഒന്നുമാത്രമേ മുമ്പ് ഉണ്ടായിട്ടുള്ളൂ. ഇന്ത്യ കടന്ന് ബംഗാളിലേയ്ക്ക് ഫോനി പോകും എന്നതിനാല്‍ അത്തരത്തില്‍ രണ്ടാമത്തേതായിരിക്കും ഇത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടെ, രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് വീശിയടിക്കുന്ന നാലാമത്തെ ചുഴലിക്കാറ്റുകൂടിയാണ് ഫോനി.
ഫോനി എന്ന പേരിനു പിന്നില്‍
ബംഗ്ലാദേശ് നിര്‍ദ്ദേശിച്ച പേരാണ് ഫോനി. പാമ്പ് അഥവാ, പാമ്പിന്റെ ഫണം എന്നാണ് അര്‍ത്ഥം. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാല്‍ദീവ്സ്, മ്യാന്മാര്‍, ഒമാന്‍, പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പേരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. അത്തരത്തില്‍ റീജിയണല്‍ കമ്മറ്റിക്ക് ലഭിച്ച അറുപത്തിനാല് പേരുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പേരാണ് ഫോനി.