Voice of Truth

പോലീസ് ആസ്ഥാനത്ത് അതിഥികളെ സ്വീകരിക്കുന്നത് റോബോട്ട്

കേരള പോലീസില്‍ റോബോട്ട് എത്തിയതോടെ ലോകരാജ്യങ്ങള്‍ക്ക് ഇടയിലും ഈ രീതി പരീക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇടംപിടിച്ചു. ലോകത്ത് നാല് രാജ്യങ്ങളിലെ പോലീസ് സേനകളില്‍ മാത്രമേ ഇപ്പോള്‍ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നാണ് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നത്

കൊച്ചി: പോലീസ് സംവിധാനത്തില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം. പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കാനും കെപി-ബോട്ട് റോബോട്ട് എന്ന പേരില്‍ ഒരു ഹ്യൂമനോയ്‍ഡ്‍ റോബോട്ടിനെ സ്ഥാപിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.

“പൊലീസ് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് എവിടെ എത്തണം എന്ന് കൃത്യമായി വഴികാട്ടാന്‍ റോബോട്ടിന് കഴിയും. ഓഫീസിലെ നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കാനും ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ചു നല്‍കാനും കഴിയുമെന്നതും റോബോട്ടിന്‍റെ പ്രത്യകതയാണ്.” റോബോട്ടിനെ പോലീസ് സേനയില്‍ എടുത്ത വിവരം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‍ബുക്കില്‍ എഴുതി.

കേരള പോലീസില്‍ റോബോട്ട് എത്തിയതോടെ ലോകരാജ്യങ്ങള്‍ക്ക് ഇടയിലും ഈ രീതി പരീക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇടംപിടിച്ചു. ലോകത്ത് നാല് രാജ്യങ്ങളിലെ പോലീസ് സേനകളില്‍ മാത്രമേ ഇപ്പോള്‍ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നാണ് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

പോലീസ് സേനയില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കുന്ന ശ്രദ്ധേയമായ ചുവടുവെപ്പാണ് കെപി -ബോട്ട് റോബോട്ട് എന്ന് സര്‍ക്കാര്‍ പറയുന്നു.

കേരള പോലീസ് സൈബർഡോമുമായി സഹകരിച്ച് കൊച്ചിയിലെ ഒരു സ്റ്റാർട്ട് അപ്പ് ആണ് കെപി-ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ മെറ്റല്‍ ഡിറ്റക്റ്റര്‍, തെർമൽ ഇമേജിങ്, ഗ്യാസ് സെൻസറിംഗ് തുടങ്ങിയവ ഘടിപ്പിച്ച് റോബോട്ടിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ധേശിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.