വര്‍ഷങ്ങള്‍ കഴിയും തോറും ആരോഗ്യമുള്ളവരുടെ എണ്ണം നമുക്കിടയില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിത രീതികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് പ്രധാന കാരണം. ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹാരം കണ്ടെത്താവുന്നതാണ് നമ്മുടെ പല സങ്കീര്‍ണ്ണ പ്രശ്നങ്ങളും. നമ്മുടെ പതിവ് ഭക്ഷണ, ജീവിത ശൈലികള്‍ക്ക് ചെറിയ ചില മാറ്റങ്ങള്‍ വരുത്തുകയേ വേണ്ടൂ. അതിനായൊന്ന് മനസ് വയ്ക്കണമെന്ന് മാത്രം.
- പതിവായി പ്രാതല്‍ കഴിക്കുക. ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, ആവശ്യത്തിനു പ്രാതല്‍ കഴിക്കുന്നവര്‍ മികച്ച ആരോഗ്യമുള്ള ശരീരമുള്ളവര്‍ ആയിരിക്കും എന്നാണ്. പ്രാതല്‍ വളരെ കുറച്ചു കഴിക്കുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് നല്ലതല്ല. പഴ വര്‍ഗ്ഗങ്ങളും, പച്ചക്കറികളും, മുട്ടയും, ഗോതമ്പുകൊണ്ടുള്ള ഭക്ഷണങ്ങളും, മറ്റും പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
- പഴവും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശീലമാക്കുക. മൂന്നു കപ്പ് വെജിറ്റബിള്‍സും, രണ്ട് തരം പഴങ്ങളും എല്ലാദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണത്തിന്റെയും, അത്താഴത്തിന്റെയും പത്രത്തിന്റെ പകുതി പച്ചക്കറികള്‍ ആയിരിക്കുന്നത് നന്ന്. പ്രാതലിനൊപ്പവും, ഇടയ്ക്കെപ്പോഴെങ്കിലും പഴങ്ങള്‍ കഴിക്കാവുന്നതാണ്.
- ഭക്ഷണാവശ്യത്തിനായുള്ള വസ്തുക്കള്‍ വാങ്ങുന്നതിനായി ആവശ്യത്തിനു സമയം കണ്ടെത്തുക. ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങള്‍ വീട്ടിലില്ലെങ്കില്‍ എങ്ങനെ പാചകം ചെയ്യാന്‍ കഴിയും? പലപ്പോഴും നമ്മുടെ വീടുകളില്‍ സംഭവിക്കുന്ന കാര്യമാണിത്. അതിനാല്‍, ആവശ്യത്തിന് സമയം ഇക്കാര്യത്തിനായി കണ്ടെത്തുക.
- ഇരുന്നു ഭക്ഷണം കഴിക്കുക. ആവശ്യത്തിന് സമയമെടുത്ത്, സാവകാശം മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
- യാത്രകളില്‍ ആരോഗ്യകരമായ ഭക്ഷണം കൂടെ കരുതുക.അനാരോഗ്യകരമായ ഭക്ഷണ വസ്തുക്കള്‍ യാത്രകളില്‍ ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. പഴവര്‍ഗ്ഗങ്ങളോ, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമോ, ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ ആവാം.
- ഭക്ഷണശേഷം ഗ്രീന്‍ ടീ ശീലമാക്കുക. ഗ്രീന്‍ ടീ ആന്‍റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. അത് ശരീരത്തിലെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു.
- എപ്പോഴും ഒരു വാട്ടര്‍ ബോട്ടില്‍ കൂടെ കരുതുക. ഭക്ഷണത്തിന്റെ ഭാഗമായല്ലാതെ, രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും പകല്‍ സമയത്ത് കുടിക്കുക.
- ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം പതിവാക്കുക. കുറഞ്ഞ ഗ്ലൂക്കോസ് ഇന്‍ഡക്സ് ഉള്ള ബ്രെഡ് ശീലമാക്കുന്നതും നല്ലതാണ്.
- കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഒരെസമയത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- വ്യായാമം ശീലമാക്കുക. എല്ലാ ദിവസവും പതിനായിരം സ്റ്റെപ് എങ്കിലും നടക്കുകയോ, ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുകയോ ശീലമാക്കുക.