അഹമ്മദാബാദ്: ആര്‍ത്തവമുണ്ടോ എന്നറിയാന്‍ ഹോസ്റ്റല്‍ അധികൃതര്‍ അടിവസ്ത്രം വരെ ഉരിഞ്ഞു പരിശോധന നടത്തിയെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. ഗുജറാത്തിലെ ശ്രീ സഹജനന്ദ ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലെ 68 വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്.
ഹോസ്റ്റലിന്റെ പൂന്തോട്ടത്തില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പരിശോധന നടത്തിയതെന്നാണു റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ മതപരമായ ആചാരം ലംഘിച്ചതാണ് കാരണമായി ചൂണ്ടിക്കാട്ടിയതെന്നും ആക്ഷേപമുണ്ട്. ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടികളെ ഒരുമിച്ചു കൂട്ടി പരിശോധന നടത്തുകയായിരുന്നു.
ആരൊക്കെ ആര്‍ത്തവകാലത്താണെന്നു സ്വമേധയാ പറയാന്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. രണ്ടു പേര്‍ സമ്മതിച്ചു. എന്നാല്‍ സംശയം തീരാതെ അധികൃതര്‍ പെണ്‍കുട്ടികളെ ശുചിമുറിയില്‍ കൊണ്ടുപോയി നാലു അധ്യാപികമാര്‍ക്കും പ്രിന്‍സിപ്പലിനും മുന്നില്‍ അടിവസ്ത്രം വരെ ഉരിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണു പെണ്‍കുട്ടികളുടെ പരാതി. വ്യാഴാഴ്ചയാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കോളജ് അധികൃതര്‍ പറഞ്ഞു.