കഴിഞ്ഞയാഴ്ച ഇ-ബേയില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യം അനേകരെ അമ്പരപ്പിച്ചു. അലന്‍ ഡെട്രിച്ച് എന്ന സ്വതന്ത്ര ഗവേഷകനാണ് പരസ്യം നല്‍കിയത്. ടി റെക്സ് എന്ന് വിളിക്കപ്പെടുന്ന ടിറാനോസോറസ് എന്ന ഭീകരനായ ദിനോസറിന്റെ കുഞ്ഞിന്റെ തലയോട്ടിയുടെ ഫോസില്‍ വില്‍പ്പനയ്ക്ക് എന്നായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. 2.95 മില്ല്യന്‍ ഡോളര്‍ അഥവാ, ഏകദേശം ഇരുപത്തൊന്ന് കോടി രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്. ഇദ്ദേഹം മുമ്പും ഇത്തരം കച്ചവടങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
അദ്ദേഹത്തിന്‍റെ ഈ പ്രവൃത്തി അനേകരെ കുപിതരാക്കി. പ്രത്യേകിച്ച്, ടി റെക്സിന്റെ ഇന്ന് അവശേഷിക്കുന്ന ഏക ഫോസിലാണ് അത് എന്നതിനാല്‍ നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ഈ വില്‍പ്പനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പതിനഞ്ച് അടി ഉയരമുള്ള ഈ ഫോസിലിന് 6.8 കോടി വര്‍ഷങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു.
രൂക്ഷമായ ഭാഷയില്‍ ഈ വില്‍പ്പനയെ വിമര്‍ശിച്ചുകൊണ്ട് സൊസൈറ്റി ഓഫ് വെര്‍ട്ടിബ്രേറ്റ് പാലിയന്റോളജി പ്രസിദ്ധീകരിച്ച ഒരു കത്തില്‍, മാനവരാശിയുടെ ഉത്ഭവ ചരിത്രത്തോടുള്ള ബഹുമാനവും, അതിന്റെ മൂല്യത്തെക്കുറിച്ചുള്ള ഗ്രാഹ്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കുന്നു. കോടിക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള നട്ടെല്ലുള്ള ജീവിവര്‍ഗ്ഗങ്ങളുടെ ഫോസിലുകള്‍ അവയുടേത് മാത്രമായി പരിഗണിക്കപ്പെടേണ്ടവയല്ല. ഇതുപോലുള്ള ഫോസിലുകള്‍ നാമുള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളുടെ കൂടി പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും ശാസ്ത്രീയമായി അതീവ പ്രാധാന്യമര്‍ഹിക്കുന്നതും, എക്കാലവും സൂക്ഷിക്കപ്പെടേണ്ടതുമാണെന്ന് കത്തില്‍ പറയുന്നു.
ശാസ്ത്രലോകവും അലന്‍ ഡെറ്റ്റിച്ചും തമ്മിലുള്ള ശീതയുദ്ധം തുടരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ്, കന്‍സാസ് യൂനിവേഴ്സിറ്റിയുടെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഈ ഫോസിലുകള്‍ പ്രദര്‍ശനത്തിനു വച്ചിരുന്നു. അക്കാലത്ത്, അദ്ദേഹത്തിന് അത് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പ്ലാനുണ്ടെന്ന് മനസിലാക്കിയ യൂണിവേഴ്സിറ്റി അധികൃതര്‍ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. പിന്നീട് ഇ-ബേയില്‍ വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ പ്രദര്‍ശനത്തില്‍ നിന്നുള്ള ചിത്രങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവ നീക്കം ചെയ്യുവാന്‍ യൂണിവേഴ്സിറ്റി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. “ഇവ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതിനാല്‍, അവര്‍ എന്നെ ഒരു മുതലാളിത്തവാദിയായ കൊള്ളക്കാരനായാണ് കാണുന്നത്. പണമുള്ളവര്‍ക്ക് അത് വില്‍ക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്?” ഡെറ്റ്റിച്ച് ചോദിക്കുന്നു.
ചെറുപ്പത്തില്‍ ഡെറ്റ്റിച്ചിന്റെ മാതാപിതാക്കള്‍ സമ്മാനിച്ച പത്തു ഡോളര്‍ വിലയുള്ള ഒരു ദിനോസര്‍ കളിപ്പാട്ടത്തില്‍ നിന്നാണ് അദ്ദേഹത്തിന് ദിനോസറിനോടുള്ള താത്പര്യം ആരംഭിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെ ബിസിനസ് ഓയില്‍ ഇന്‍ഡസ്ട്രി ആയിരുന്നത് ദുര്‍ലഭമായ ഫോസിലുകള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടുവാന്‍ അദ്ദേഹത്തിന് സഹായകമാവുകയായിരുന്നു. ഈ മേഖലയില്‍ അദ്ദേഹത്തിനുള്ള അംഗീകാരം ഉറപ്പിച്ചത് 1992ല്‍ വച്ച് അദ്ദേഹവും സഹോദരനും ചേര്‍ന്ന് നോര്‍ത്ത് ഡക്കോട്ടയില്‍ നിന്നും ഒരു ടി റെക്സിന്‍റെ അസ്ഥികൂടം കണ്ടെത്തിയ സംഭവമാണ്. ആ അസ്ഥികൂടം ബ്രട്ടീഷ് വ്യവസായിയായ ഗ്രഹാം ഫെര്‍ഗൂസന് ഇനിയും വെളിപ്പെടുത്തപ്പെടാത്ത വിലയ്ക്ക് വില്‍ക്കുകയാണ് ഉണ്ടായത്. അന്ന് അത് ഇബെയില്‍ വില്‍പ്പനയ്ക്ക് ഇട്ടിരുന്നത്, ഏകദേശം ഇന്നത്തെ 42 കോടി രൂപയ്ക്കാണ്.