ഡ്രൈവിംഗ് ടെസ്റ്റിൽ ഇതുവരെയുണ്ടായിരുന്ന രീതികൾ പരിഷ്കരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. നാല് ചക്ര വാഹനങ്ങൾക്ക് “എച്ച്”, ഇരു ചക്ര വാഹനങ്ങൾക്ക് “എട്ട്” എന്നീ പ്രാഥമിക ടെസ്റ്റുകളും തുടർന്ന് റോഡ് ടെസ്റ്റും ആയിരുന്നു നിലവിൽ ഉണ്ടായിരുന്നതെങ്കിൽ, ഇനി വാഹനത്തെക്കുറിച്ചുള്ള അറിവും, നിരീക്ഷണ പാടവവും പരീക്ഷകനെ ബോധ്യപ്പെടുത്തേണ്ട തായി വരും.
ഡ്രൈവറുടെ നിരീക്ഷണ പാടവം പരിശോധിക്കുന്നതിനായി കമന്ററി ഡ്രൈവിംഗ് എന്ന പുതിയ രീതി ആവിഷ്കരിക്കും. റോഡ് ടെസ്റ്റ് വേളയിൽ മുന്നിൽ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനം ഓടിക്കുകയാണ് അതിന്റെ രീതി.ഡ്രൈവർ വരുത്തുന്ന പിഴവുകൾ വിലയിരുത്തി, നിശ്ചിത പിഴവുകൾക്ക് മേൽ വരുത്തുന്നവർക്ക് ലൈസൻസ് നിഷേധിക്കും. ശാസ്ത്രീയമായി വാഹനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമഗ്രമായി വിലയിരുത്തും.
ഡ്രൈവിംഗ് സ്‌കൂളുകൾക്കും പരിശീലകർക്കും ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശീലനം നൽകുവാനുള്ള പദ്ധതി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും പരീക്ഷകർക്കും വിദഗ്ദ പരിശീലനം നൽകും. സംസ്ഥാനത്തെ എല്ലാ അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകളിലെയും പരിശീലകർക്ക് അഞ്ചു ദിവസം നീളുന്ന ട്രെയിനിംഗ് ഉണ്ടാകും. ആദ്യഘട്ട പരിശീലനം കൊല്ലം ജില്ലയിലെ ഇരുപത് ഡ്രൈവിംഗ് സ്‌കൂളുകളിലെ പരിശീലകർക്കായി ആരംഭിച്ചു. തുടർന്ന് മലപ്പുറം ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകൾക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും.
പരിശീലനം സിദ്ധിച്ച പരിശീലകർ തുടർന്ന് ധരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിരിക്കുന്ന യൂണിഫോമാണ്. കടും നീല നിറമുള്ള ഓവർകോട്ടും ബാഡ്ജും പരിശീലനം കഴിയുന്നതോടെ അവർക്ക് ലഭിക്കും.
അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളും നിയമ ലംഘനങ്ങളും ഘട്ടംഘട്ടമായെങ്കിലും നിയന്ത്രിക്കുവാൻ പുതിയ പരിഷ്കരണങ്ങൾ കൊണ്ട് സാധിക്കുമെന്ന് കരുതാം.