എന്താണ് ജിപിഎസ് എന്ന് വിവരിക്കേണ്ട ആവശ്യമില്ല. ഈ ആധുനിക കാലഘട്ടത്തില്‍, ജിപിഎസ് അഥവാ, ഉപഗ്രഹങ്ങള്‍ വഴിയുള്ള ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ഉപയോഗിക്കാതെ മൊബൈല്‍ ഫോണ്‍ തന്നെയില്ല എന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. അടിസ്ഥാന ആശയവിനിമയഉപാധി എന്നതിനപ്പുറം മൊബൈല്‍ ഫോണിനെ മറ്റ് പലതുമാക്കി തീര്‍ത്തതിന് പിന്നില്‍ മൊബൈല്‍ ട്രാക്കിംഗ് സൗകര്യങ്ങള്‍ക്കും ജിപിഎസിനും വലിയ പങ്കുണ്ട്. പ്രധാനമായും മൂന്ന് അടിസ്ഥാന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ട്രാക്കിംഗ് പ്രാവര്‍ത്തികമാകുന്നത്. അതില്‍ പ്രധാനമാണ് ജിപിഎസ്. രണ്ടാമത്തേത് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും, അടുത്തത് ടവര്‍ ലൊക്കേഷനിംഗുമാണ്. ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ചുകൊണ്ടുള്ള ആപ്ലിക്കേഷണുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ഇവ മൂന്നും ആവശ്യമാണ്.
UBER, OLA പോലുള്ള യാത്രാ ആപ്ലിക്കേഷനുകള്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയവ നമുക്ക് പരിചിതമാണ്. എന്നാല്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റ് ചില ആപ്ലിക്കേഷനുകളുണ്ട്. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും മറ്റും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയാനും, യാത്രയിലാണെങ്കില്‍ എവിടെവരെ എത്തിയെന്നും മറ്റും പരസ്പരം മനസിലാക്കാനും സഹായിക്കുന്ന ചില ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ‘LIFE360’. മുന്‍ദിവസങ്ങളില്‍ നടത്തിയ യാത്രകളുടെ വിവരങ്ങളും ഇതില്‍ ലഭിക്കും.
നാം യാത്ര ചെയ്യുന്ന വാഹനത്തിന്റെ കൃത്യമായ വേഗത, ഓരോ തവണയും സഞ്ചരിച്ച ദൂരം തുടങ്ങിയവയെല്ലാം മനസ്സിലാക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് ‘ULYSSE SPEEDOMETER’. ട്രിപ്പ് മീറ്റര്‍ സെറ്റ് ചെയ്ത് പല യാത്രകളുടെ ദൂരങ്ങള്‍ സൂക്ഷിക്കുക മുതലായ ഏറെ സൗകര്യങ്ങള്‍ വേറെയുമുണ്ട്. ഫോണ്‍ ലൊക്കേഷന്‍ വഴിയുള്ള അപ്ലിക്കേഷനുകള്‍ പതിവായി ഉപയോഗിക്കുന്നവര്‍ ഒരുകാര്യം ശ്രദ്ധിക്കുക, ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുവാന്‍ സാധ്യതയുള്ളതിനാല്‍, ഒരു പവര്‍ ബാങ്ക് ഒപ്പം കരുതുക.