ചൈനീസ് സാങ്കേതിക ഭീമന്മാരായ ഹ്വാവെ തങ്ങളുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം, ഹാർമണി പുറത്തിറക്കി. കഴിഞ്ഞ നാളുകളിൽ അമേരിക്കയുമായി നടന്നുവരുന്ന ശീതയുദ്ധത്തെ അതിജീവിക്കുവാൻ ഈ പുതിയ നീക്കം ഒരുപരിധിവരെ ഹ്വാവെയെ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.
കഴിഞ്ഞ മൂന്നു മാസത്തോളമായി അമേരിക്കൻ പ്രസിഡന്റിന്റെ കരുണയ്ക്കായി കാത്തുകിടക്കുകയായിരുന്നു ഹ്വാവെ. ഇന്റർനെറ്റ് സങ്കേതങ്ങൾ വഴി ചാരപ്രവർത്തനങ്ങൾക്കുള്ള വേദിയൊരുക്കുന്നു എന്ന കുറ്റം ചുമത്തി, അമേരിക്കൻ ഗവണ്മെന്റ് ഈ ചൈനീസ് കമ്പനിക്കെതിരെ നടപടികൾ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി, സാങ്കേതിക വിദ്യകളും, പാർട്ട്സും ഹ്വാവേയ്ക്ക് നൽകുന്നതിന് അമേരിക്കൻ കമ്പനികൾ പ്രത്യേകം അനുമതി വാങ്ങേണ്ടതുണ്ടെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു.
ഈ നീക്കം ഹ്വാവേയ്ക്ക് വലിയ തിരിച്ചടിയായി. അമേരിക്കൻ കമ്പനിയായ ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് തുടർന്ന് ഉപയോഗിക്കുവാനും, അമേരിക്കൻ നിർമ്മിത മൈക്രോചിപ്പുകളും, പാർട്ട്സും തുടർന്ന് ലഭിക്കുവാനും തടസം നേരിടുമെന്ന് ഉറപ്പായിരുന്നു. ഈ പ്രതിസന്ധി, പതിനായിരം കോടി ഡോളർ ആസ്തിയും, രണ്ടുലക്ഷം ജീവനക്കാരുമുള്ള ഹ്വാവേയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.
തുടർന്ന്, കഴിഞ്ഞ ജൂൺ മാസത്തിൽ പ്രസിഡന്റ് ട്രംപ് ചില ഇളവുകൾ വരുത്തിയെങ്കിലും, അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റും കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരുന്നു. ആ സാഹചര്യത്തട്ടിൽ, പഴയതുപോലെ മുന്നോട്ടുപോകുവാനും അപ്രതീക്ഷിതമായി ഉടലെടുത്ത പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണാനും കഴിയില്ല എന്ന് ഹ്വാവെ തീർച്ചയാക്കി.
ഇത്തരം പ്രതിസന്ധികൾക്കിടെയാണ് ഹ്വാവെ സ്വന്തം പ്ലാറ്റ്ഫോം കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചത്. ഡോങ്ഗ്വാനിൽ വച്ചുനടന്ന ഹ്വാവേ ഡവലപ്പർ കോൺഫ്രൻസിൽ ഹാർമണി അവതരിപ്പിച്ചപ്പോൾ, കമ്പനിയുടെ കൺസ്യൂമർ ബിസിനസ് വിഭാഗം തലവൻ, റിച്ചാർഡ് യു അറിയിച്ചതനുസരിച്ച്, ഈ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം മൊബൈൽ ഫോണുകൾക്ക് വേണ്ടി മാത്രമുള്ളതല്ല. അത്, സ്മാർട്ട് വാച്ചുകൾക്കും, മറ്റ് സ്മാർട്ട് ഉപകരണങ്ങൾക്കും വേണ്ടികൂടി രൂപകൽപ്പന ചെയ്തതാണ്.
ഏറെ സവിശേഷതകളുമായി, ഹ്വാവെ ഹോണർ സ്മാർട്ട് ടിവി
ആദ്യ ഹാർമണി പ്രൊഡക്ടായി വിപണിയിലെത്തുക സ്മാർട്ട് ഫോണുകളാവില്ല, “സ്മാർട്ട് സ്‌ക്രീനു”കളാവും എന്ന് കമ്പനി പ്രഖ്യാപിച്ചതിനു പിന്നാലെ, ഹ്വാവെ ഹോണർ സ്മാർട്ട് ടിവി അവതരിപ്പിച്ചിരിക്കുന്നു. ഹോണർ വിഷൻ ടിവി എന്നറിയപ്പെടുന്ന ഈ ടിവിയിൽ അനവധി സവിശേഷ ഫീച്ചറുകളാണ് കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഹാർമണി ഒഎസിൽ ഇറങ്ങുന്ന ആദ്യ ഉൽപ്പന്നത്തിൽ ക്യാമറ, വീഡിയോകോൾ സൗകര്യങ്ങളുണ്ട്.
എട്ടു കോർ പ്രൊസസറും ഇന്റലിജന്റ് ചിപ്സെറ്റുമാണ് ഈ സ്മാർട്ട് ടിവിക്കുള്ളത്. ഏറ്റവും മികച്ച, ശബ്ദ ദൃശ്യ അനുഭവങ്ങൾ കമ്പനി ഉറപ്പ് നൽകുന്നുണ്ട്. വളരെ ഗുണനിലവാരമുള്ള ക്യാമറയും അനുബന്ധ സൗകര്യങ്ങളുമാണ്, മൾട്ടി ടാസ്ക് ചെയ്യാൻ കഴിയുന്ന ഈ ടിവിക്കുള്ളത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വലിയ പ്രാധാന്യം കൊടുത്തിരിക്കുന്ന ഈ ഉപകരണത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധമായ സൗകര്യങ്ങൾ മികച്ചതാക്കാൻവേണ്ടി മാത്രം അധികമായി ഒരു ചിപ്പ് ഉൾക്കൊള്ളിച്ചിരിക്കുന്നു. പോപ്പ് അപ് ക്യാമറയുമായി ബന്ധപ്പെട്ട സകാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഉപയോഗിക്കുന്നയാൾ ഇരിക്കുന്നതും നടക്കുന്നതും അനുസരിച്ച് ക്യാമറ സ്വയം ക്രമീകരിക്കപ്പെടും. ടിവിയ്ക്ക് മുമ്പിലിരിക്കുന്നയാളെ തിരിച്ചറിഞ്ഞ് അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ചാനലുകൾ കാണിക്കുവാനും, ക്രമീകരണങ്ങൾ നടത്തുവാനും ഈ സ്മാർട്ട് ടിവിക്ക് കഴിയും.
വൈഫൈയ്ക്കായും കൂടിയ കാര്യക്ഷമതയുള്ള പ്രത്യേക ചിപ്പ് ഉപയോഗിച്ചിരിക്കുന്നതിനാൽ, ഇന്നുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വൈഫൈ ഉപയോഗമാണ് ഈ ടിവിയിൽ കമ്പനി ഉറപ്പുനൽകുന്നത്. നെറ്റ്‌വർക്കിന്റെ ശേഷിയുടെ പരമാവധിയിൽ എത്തിയാലും ചിപ്പ് അത് സപ്പോർട്ട് ചെയ്യും.
ഇവകൂടാതെ മറ്റു നിരവധി സ്മാർട്ട് ഫീച്ചറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എന്ന് ലഭ്യമാകും എന്ന് അറിവായിട്ടില്ല. ആരംഭത്തിൽ 55 ഇഞ്ച് ടിവിയായിരിക്കും ലഭ്യമാവുക എന്നാണ് റിപ്പോർട്ടുകൾ. 35000 രൂപയ്ക്ക് മുകളിലേയ്ക്കായിരിക്കും വില.