നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച ‘സംയുക്ത സേന മേധാവി’ 2020 ജനുവരി ഒന്നിന് സ്ഥാനമേൽക്കുന്നു. 2019 ഡിസംബർ 31 കാലാവധി അവസാനിക്കുന്ന കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനത്തേയ്ക്ക് നിയമിതനായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിലാണ് റാവത്തിനെ സംയുക്ത സേനാമേധാവിയായി നിയമിച്ചത്. 2016 ഡിസംബര്‍ 31 നാണ് കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത്.
കര – നാവിക – വ്യോമ സേനകളുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നതിന് പുറമെ, സൈനിക കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഏക ഉപദേഷ്ടാവായി പ്രവർത്തിക്കുക എന്നീ ഉത്തരവാദിത്തങ്ങളാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടായിരിക്കുക. പുതിയ പദവി നിലവിൽ വരുന്നതിന് മുന്നോടിയായി സേനകളുടെ നിയമത്തിൽ കേന്ദ്ര സർക്കാർ ചില ഭേദഗതികൾ വരുത്തിയിരുന്നു. 62 വയസായിരുന്നു സേനാ മേധാവിമാരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തുകയുണ്ടായി.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന ആശയം പുതിയതല്ല. ഇത്തരമൊരു പദവി പുതുതായി രൂപീകരിക്കണമെന്ന ആശയം ഉയർന്നുവന്നത് ആദ്യം ഉയർന്നു വരുന്നത് കാർഗിൽ യുദ്ധകാലത്തിന് ശേഷമാണ്. 1999-ൽ സേനയുടെ സമഗ്ര അഴിച്ചുപണിയ്ക്കായി രൂപീകരിക്കപ്പെട്ട സമിതിയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്.
ഉത്തരാഖണ്ഡിലെ പൗരി സ്വദേശിയാണ് ബിപിൻ റാവത്ത്. പിതാവ് ലക്ഷ്മൺ സിങ് കരസേന മുൻ ലഫ്റ്റണൻ്റ് ജനറലായിരുന്നു. ഷിംല സെൻ്റ് എഡ്വേര്‍ഡ് സ്കൂൾ, പൂനെ നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിറ്ററി അക്കാദമി ഡെറാഡൂൺ എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് റാവത്ത്. ഗൂര്‍ഖ റെജിമെന്റിൽ നിന്നാണ് കരസേന തലപ്പത്തേക്ക് റാവത്ത് എത്തുന്നത്. ഈസ്റ്റേൺ സെക്ടറിലെ നിയന്ത്രണരേഖയിലെ ഇൻഫൻഡ്രി ബറ്റാലിയൻ റാവത്താണ് നിയന്ത്രിച്ചിരുന്നത്.