“ഷീറോസ്”: ആസിഡ് ആക്രമണങ്ങളുടെ ഇരകള്‍ക്ക് ആദരപൂര്‍വ്വം ലഭിച്ച പേരാണ്.
അവരുടേതായ ഒരു റസ്റ്റോറന്റ് ടാജ്മഹലിനു സമീപം പ്രവര്‍ത്തിക്കുന്നു. 22വയസ്സുള്ള നീതുവാണ് അവരുടെ നേതാവ്.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഷീറോസ് ഹാംഗൗട്ട് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പ്രദേശവാസികളുടെ പൂര്‍ണ്ണ പിന്തുണ അവര്‍ക്കുണ്ട്. മറ്റൊരു ഇരയായ രൂപയാണ് ഇതിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തത്. തങ്ങളുടെ അവസ്ഥയോര്‍ത്ത് പരിതപിച്ചിരിക്കാതെ ധൈര്യപൂര്‍വ്വം സമൂഹത്തിലേക്കിറങ്ങുന്ന ഇവരെ കണ്ടാല്‍ കണ്ണുനിറയാത്തവര്‍ ചുരുങ്ങും. നീതുവിന് കാഴ്ചശക്തി ഭാഗികമായേ ഉള്ളൂ. മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന റസ്റ്റോറന്റില്‍ എത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിക്കുവാന്‍ നീതു ശ്രമിക്കുന്നു. ഇരു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 5 ആസിഡ് ഇരകളുടെ പുനരധിവാസ കേന്ദ്രമാണ്. സ്ത്രീശാക്തീകരണത്തിനുതകുന്ന പുസ്തകങ്ങളും മാസികകളും ഇവിടെ ഒരു മുറിയില്‍ സജ്ജമാക്കിയിരിക്കുന്നു.
സ്റ്റോപ്പ് ആസിഡ് അറ്റാക്ക് കാമ്പയിനിന്റെ സ്ഥാപകന്‍ അലോക് ദീക്ഷിത് ഇത് ആസിഡ് ഇരകള്‍ക്കുള്ള ആദ്യ സംരംഭമാണെന്നാണ് പറയുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായി അവര്‍ക്കും ജീവിക്കുവാനായി, ഡല്‍ഹിയിലും കാണ്‍പൂരിലും മറ്റും ഇത്തരം റസ്റ്റോറന്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുവാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ആസിഡ് ഒഴിച്ചവര്‍ പിടിയിലായെങ്കില്‍ കുറെക്കാലം തടവില്‍ കിടന്ന് പിന്നീട് രക്ഷപ്പെട്ട് മാന്യമായി വിവാഹം കഴിച്ച് കുടുംബമൊത്ത് താമസിക്കും. എന്നാല്‍ ഇരകളാവട്ടെ എത്രയോ നാള്‍ ആശുപത്രികളില്‍ കിടന്ന് എന്തുമാത്രം സഹനങ്ങളിലും കഷ്ടപ്പാടിലുംകൂടി കടന്നുപോവേണ്ടി വരും?
സാമ്പത്തികമായ ബാധ്യത ഇതിനു പുറമെയാണ്. മാതാപിതാക്കളുടെ ദു:ഖവും ആകുലതയും വര്‍ണ്ണിക്കാനാവില്ലാ. സഹോദരങ്ങള്‍ ഇപ്രകാരം സംഭവിച്ചവരെ പൂര്‍ണ്ണമായും പിന്തുണച്ചെന്നു വരില്ല. പ്രേമാഭ്യര്‍ത്ഥന സമ്മതിക്കാത്തതില്‍ കുറ്റപ്പെടുത്തിയെന്നിരിക്കും. യേസ്’ പറഞ്ഞിരുന്നെങ്കില്‍ ഇപ്രകാരം വരില്ലായെന്ന പഴിപറയലും പാവം ആസിഡ് ഇര ഏറ്റുവാങ്ങേണ്ടി വരും. ഭീമമായ തുടര്‍ ചികിത്സാചെലവ് ഏറ്റെടുക്കുവാന്‍ സഹോദരങ്ങള്‍ ചിലപ്പോള്‍ തയ്യാറായെന്നു വരില്ലാ. ഇപ്രകാരം വിരൂപമാക്കപ്പെട്ടവര്‍ തങ്ങളുടെ കുടുംബത്തിനും ഭാവിജീവിതത്തിനും വിലങ്ങുതടിയാണെന്ന് നേരിട്ട് പറഞ്ഞ സഹോദരങ്ങളും ധാരാളം. എന്തുമാത്രം പ്ലാസ്റ്റിക്ക് സര്‍ജറികള്‍ക്കും റീ കണ്‍സര്‍വേറ്റീവ് സര്‍ജറികള്‍ക്കും അവര്‍ വിധേയരാകേണ്ടി വരുന്നു?
വേദന, കഷ്ടപ്പാട്, പണച്ചെലവ്, … അണിഞ്ഞൊരുങ്ങി കതിര്‍മണ്ഡപത്തിലേക്കിറങ്ങി പുതുജീവിതം ആരംഭിക്കുവാന്‍ ആഗ്രഹിച്ച പെണ്‍കുട്ടികള്‍ എത്തപ്പെടുന്നത് സ്പിരിറ്റ്, ലോഷന്‍ മണക്കുന്ന ആശുപത്രികളിലാണ്. അവരും ബന്ധുക്കളും എത്രയധികം വ്യക്തികളോട് ഇതിന് സമാധാനം പറയേണ്ടി വരും? എത്രപേരുടെ തുറിച്ചുനോട്ടം അവര്‍ ഏറ്റുവാങ്ങേണ്ടി വരും? എത്രപേരുടെ അടക്കിപ്പിടിച്ച സംസാരം തങ്ങളെപ്പറ്റിയാണെന്നു മനസ്സിലാക്കി ഉരുകുന്ന ഹൃദയത്തോടെ സദസ്സില്‍ പ്രത്യക്ഷപ്പെടേണ്ടി വരും? ഇതൊക്കെ മൂലം ഇവരില്‍ പലരും പൊതുചടങ്ങുകളില്‍ നിന്നു മാറി നില്‍ക്കും.
ഫ്‌ളോറിഡക്കാരി കാതറീന്‍ ഗയ്‌ഡോസ് എന്ന യുവതി കണ്ണില്‍ പൊടിപോയപ്പോള്‍ ഐ ഡ്രോപ്‌സ് എന്നുകരുതി സൂപ്പര്‍ഗ്ലൂ എന്ന പശയാണ് അബദ്ധത്തില്‍ ഒഴിച്ചത്. തുടര്‍ന്ന് കണ്ണു തുറക്കാനാവാത്ത സ്ഥിതിയിലായപ്പോള്‍ ഒരു ടി.വി ചാനലിനോട് ഈ കഷ്ടത അവര്‍ വിവരിച്ചു. ഓയിന്റ്‌മെന്റും ആന്റിബയോട്ടിക്കും കൊണ്ടൊന്നും കാര്യമായ പ്രയോജനമുണ്ടായില്ല. രണ്ടാമത്തെ ഡോക്ടറിന്റെ ശ്രമഫലമായാണ് കണ്ണുതുറന്നുകിട്ടിയത്. അവശേഷിക്കുന്ന പശ ഏതാനും ദിവസങ്ങള്‍കൊണ്ട് നീക്കം ചെയ്യും. കാഴ്ചയുടെ മഹത്വം അതോടെ അവള്‍ക്കു ബോധ്യമായി. നിസ്സാരം പശ കൊണ്ട് ഇങ്ങനെ സംഭവിച്ചാല്‍ ആസിഡ് എന്തൊക്കെ പ്രത്യാഘാതം ഉണ്ടാക്കും ?
ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമുക്ക് ചുറ്റും ഇപ്പോള്‍ പെരുകുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കുടുംബവും സമൂഹവും കൂടുതല്‍ ജാഗ്രതയുള്ളവരാകുക.