Voice of Truth

അർജന്റീനയെ അതിശൈത്യം വലയ്ക്കുമ്പോൾ തെരുവിലലയുന്നവർക്ക് ഭക്ഷണം നൽകി മെസ്സിയുടെ റെസ്റ്റോറന്റ്

അർജന്റീനയെ കൊടും തണുപ്പ് കീഴടക്കുകയാണ്. ഒപ്പം സാമ്പത്തിക ക്ലേശങ്ങളും കൂടിയാകുമ്പോൾ തണുപ്പിനെ അതിജീവിക്കാൻ കഴിയാതെ തെരുവിൽ കഴിയാൻ വിധിക്കപ്പെട്ട അനേകരുണ്ട് അവിടെ. അതിശൈത്യത്തിൽ തെരുവിൽ കഴിയുന്ന അനേകർക്ക് കരുണയുടെ കരങ്ങൾ നീട്ടി ലോകത്തിനു മുഴുവൻ മാതൃകയാവുകയാണ് ലയണൽ മെസ്സി എന്ന ഫുട്‍ബോൾ രാജാവും കുടുംബവും.

അർജന്റീനയിലെ റൊസാരിയോ എന്ന പട്ടണമാണ് മെസിയുടെയും കുടുംബത്തിന്റെയും ഹോംടൗൺ. അവിടെയുള്ള വിഐപി എന്ന റെസ്റ്റോറന്റ് അദ്ദേഹത്തിൻറെ കുടുംബവകയാണ്. ആ റെസ്റ്റോറന്റാണ് തലചായ്ക്കാൻ ഒരു മേൽക്കൂരയില്ലാത്ത തെരുവിൽ കഴിയാൻ വിധിക്കപ്പെട്ടവർക്ക് ആശ്രയമായി രംഗത്ത് വന്നിരിക്കുന്നത്. കടുത്ത തണുപ്പ് പ്രവചിക്കപ്പെട്ടിരിക്കുന്ന ഈ നാളുകളിൽ നിരാലംബരായവർക്ക് ഭക്ഷണവും, വസ്ത്രവും അവിടെ ലഭിക്കും.

മെസ്സിയും കുടുംബവും

അടുത്ത പത്ത് ദിവസത്തേയ്ക്ക് കൂടി എല്ലാദിവസവും വൈകിട്ട് ഏഴുമണി മുതൽ ഒമ്പത് മണിവരെയാണ് വിഐപി റെസ്റ്റോറന്റിൽ ഭവനരഹിതരായവർക്ക് വേണ്ടി ചൂട് ഭക്ഷണവും പാനീയങ്ങളും ലഭിക്കുക.

‘മോശമായ അവസ്ഥയിൽ തെരുവിൽ കഴിയുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ അവരെ വിഐപിയിലേക്ക് പറഞ്ഞുവിടുക’ എന്ന് റെസ്റ്റോറന്റിന്റെ അറിയിപ്പിൽ പറയുന്നു. ‘വൈകിട്ട് ഏഴുമണിമുതൽ ഒമ്പതുമണിവരെയുള്ള സമയം അവർക്ക് നല്ല ഭക്ഷണം വിളമ്പി, സന്തോഷം നിറഞ്ഞ മനസോടെ ഞങ്ങൾ ഉറങ്ങാൻ പോകും.’

‘അവർക്ക് ഞങ്ങൾ കോഫിയും, സോഫ്റ്റ് ഡ്രിങ്ക്‌സും, ആവശ്യമുള്ളവർക്ക് വൈനും നൽകുന്നു. ഒരുപാട് നല്ലമനുഷ്യൻ അങ്ങനെ ഇവിടെ വന്നുപോകുന്നു’ റെസ്റ്റോറന്റ് മാനേജർ ഏരിയൽ അൽമദയുടെ വാക്കുകളാണിവ.

ഇന്ന് ബാഴ്സലോണയുടെയും അർജന്റീന നാഷണൽ ടീമിന്റെയും ക്യാപ്റ്റനാണ് മെസ്സി. കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനം ലഭിച്ചതിനു ശേഷം അജന്റീന ടീമിലെ തന്റെ സുഹൃത്തുക്കൾക്കൊപ്പം മെസ്സി റൊസാരിയോയിൽ എത്തിയിരുന്നു.

Leave A Reply

Your email address will not be published.