Voice of Truth

അവിശ്വസനീയമായ ഓഫർ!

സമീപ കാലങ്ങളായി ആശയവിനിമയരംഗത്തെ പുതുമയാണ് അവിശ്വസനീയമായ ഓഫറുകള്‍. ഫോണ്‍വിളികള്‍ അണ്‍ലിമിറ്റഡ് ഫ്രീ, സാധാരണ രീതിയില്‍ ഉപയോഗിച്ചാല്‍ തീരാത്തത്ര ഇന്റര്‍നെറ്റ് സൗജന്യം തുടങ്ങിയ മാസ്മരിക ആകര്‍ഷണങ്ങളെല്ലാം തലയ്ക്ക് പിടിച്ചതോടെ നല്ലൊരുപങ്ക് മൊബൈല്‍ഫോണ്‍ ഉപയോക്താക്കളും പുതുമയുടെ വക്താക്കളായി മാറി. സൗജന്യമായി ലഭിക്കുന്ന ഡാറ്റയും കോളുകളും പരിധി കടന്നതോടെ അതെങ്ങനെ മുതലാക്കാമെന്നതായി ചിലരുടെ ചിന്ത.

ഒരു അര്‍ദ്ധരാത്രിയോടെ വെറുതെയാകുന്ന ഒരുപാട് ഡാറ്റയെക്കുറിച്ച് പരിതപിച്ച പരിചയക്കാരനോട് ഒരിക്കല്‍ അല്‍പ്പം സഹതാപം തോന്നാതിരുന്നില്ല. സാധാരണയായി കേരളത്തില്‍ ഉച്ചഭക്ഷണം ലഭ്യമായ ഭക്ഷണശാലകളിലെല്ലാം തന്നെ കഴിക്കാനിരിക്കുന്നവര്‍ക്ക് ആവശ്യമുള്ളത്ര ചോറ് ലഭിക്കും. എന്ന് കരുതി, ആ ഹോട്ടലിലെ ചോറ് മുഴുവന്‍ കഴിച്ചുതീര്‍ത്തിട്ടേ എഴുന്നേല്‍ക്കൂ എന്ന് ശാഠ്യം പിടിക്കേണ്ടതുണ്ടോ എന്ന് ഞാന്‍ അദ്ദേഹത്തോട് തിരക്കിയപ്പോള്‍ മൗനമായിരുന്നു മറുപടി. ഇത്തരത്തില്‍ ഓഫറായി ലഭിച്ച മിനിട്ടുകള്‍ വിളിച്ചു തീര്‍ക്കുവാന്‍ കഷ്ടപ്പെടുന്നവരെയും ധാരാളമായി കാണാം.

മൊബൈല്‍ ഡാറ്റയോടും കോളുകളോടും മാത്രമല്ല, നമ്മില്‍ അനേകര്‍ക്ക് മറ്റുപലതിനോടും ഇത്തരമൊരു മനോഭാവം കാണാനാകും. പണം കൊടുക്കുന്നതല്ലേ, അപ്പോള്‍ പരമാവധി മുതലാക്കണമെന്ന ചിന്ത. അപൂര്‍വ്വം ചില അവസരങ്ങളില്‍ അത്തരമൊരു മനോഭാവം യുക്തമെന്ന് തോന്നാം. എന്നാല്‍, പല കാര്യങ്ങളിലും അപകടകരമാണ്. പണമുള്ളതിനാലോ, ആവശ്യത്തിലധികം ലഭ്യമായതിനാലോ ദുര്‍വ്യയം ശീലമാക്കിയവരുണ്ട്. ഭക്ഷണം മുതല്‍, പ്രകൃതിയുടെ വരദാനങ്ങളായ അനവധി അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ വരെ പലതും പണം ഉള്ളതുകൊണ്ട് ആവശ്യാനുസരണം സൃഷ്ടിച്ചെടുക്കാവുന്നവയല്ല എന്നതാണ് വാസ്തവം. നാമതിന് ചെലവഴിക്കുന്ന പണം യഥാര്‍ത്ഥത്തില്‍ അതിന്റെ മൂല്യമല്ല. ഇടയ്ക്ക് നില്‍ക്കുന്ന ചിലരുടെ പ്രതിഫലം മാത്രം.

വിവാഹവീടുകളില്‍ ചെന്നാല്‍, അനാവശ്യമാം വിധം ഭക്ഷണം വാങ്ങി വെറുതെ കളയുന്ന ചിലരെ കാണാം. ഭക്ഷണം പഴാക്കല്‍ സാര്‍വത്രികമായതോടെ അത്തരം സദ്യകള്‍ ഒരുക്കുന്നവര്‍ അവിടെ പാഴാക്കപ്പെട്ടേക്കാവുന്നതുകൂടി മുന്നില്‍കണ്ട് ഉണ്ടാക്കി വയ്ക്കലാണ് പതിവ്. ചില വിദേശരാജ്യങ്ങളില്‍ റെസ്‌റ്റോറന്റുകളില്‍ ചെന്നാല്‍, വാങ്ങിയ ഭക്ഷണം ബാക്കി വച്ചിരിക്കുന്നതായി കണ്ടാല്‍ മാന്യതക്കുറവായി ചുറ്റുമുള്ളവര്‍ പരിഗണിക്കുമത്രേ. അതിനാല്‍, ബാക്കിയാകുന്ന ഭക്ഷണം എന്തുതന്നെയായാലും പാഴ്‌സലാക്കി വാങ്ങി വീട്ടില്‍ കൊണ്ടുപോവുകയാണ് അവിടെയുള്ളവരുടെ പതിവ്. ചിലപ്പോഴെങ്കിലും, നമ്മുടെ രീതികളോട് കൂട്ടിവായിക്കേണ്ട കാര്യങ്ങളാണ് അവ.

ധൂര്‍ത്തിന്റെയും ധാരാളിത്തത്തിന്റെയും മനോഭാവം വ്യക്തിത്വത്തില്‍ നിന്നും ജീവിതരീതികളില്‍ നിന്നും നീക്കം ചെയ്യേണ്ടത് വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയുടെ കാര്യത്തില്‍ തന്നെയും പ്രധാനമാണ്. ഭൗതികമായ വസ്തുക്കള്‍ മാത്രമല്ല, ഒരുപിടി മറ്റ് കാര്യങ്ങള്‍ വേറെയുമുണ്ട്. പണവും സമയവും അറിഞ്ഞ് വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കേണ്ടതില്ലല്ലോ. ആരോഗ്യകരമായി പലവിധ പ്രവര്‍ത്തനവീഥികളില്‍ ആയിരിക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ലഭ്യമായ സമയം പരിമിതമായതിനാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഒന്നിനും സമയം തികയുന്നില്ല എന്ന് പരിതപിക്കുന്ന അനേകരെ ചുറ്റും കാണുമ്പോള്‍ അത്തരക്കാരുടെ നേട്ടങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തത്ര ഉയരത്തില്‍ എത്തിച്ചേര്‍ന്നിട്ടും, കുറവുകളെക്കുറിച്ച് പരാതിപറയാത്ത ചിലരെക്കുറിച്ച് ചിന്തിക്കാറുണ്ട്.

ഈ ഭൂമിയില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ മാത്രം ലഭിക്കുന്ന ഒന്നാണ് സമയം. അതിനെ വിവേകപൂര്‍വ്വം വിനിയോഗിക്കുന്നവര്‍ വിജയിക്കുന്നു. ഒരുപരിധിവരെ മറ്റെല്ലാ വിഭവങ്ങളുടെയും കാര്യം അപ്രകാരം തന്നെ. എങ്കിലും, പല ഉജ്ജ്വല ജീവചരിതങ്ങളും അടുത്തറിയുമ്പോള്‍ അവരുടെ അടിസ്ഥാന മൂലധനം കേവലം സമയം മാത്രമായിരുന്നു എന്ന് വ്യക്തം. കയ്യിലുള്ളതെന്തും വിവേകത്തോടെ വിനിയോഗിക്കുക. വിജയം സുനിശ്ചിതം!

‘If hard work, integrity, thrift and perseverance have caused you to succeed, then you don’t owe anyone an apology for winning.’ Dave Ramsay

Leave A Reply

Your email address will not be published.