Voice of Truth

അമ്മയ്ക്ക് വേണ്ടി…

മാതാപിതാക്കളെ വാര്‍ധക്യത്തില്‍ സഹായിക്കുവാന്‍ ജോലിയും സൗഭാഗ്യകരമായ ജീവിതവുമെല്ലാം ഉപേക്ഷിച്ച ചിലരെങ്കിലുമുണ്ട്. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മി അത്തരത്തിലൊരാളാണ്. രോഗിയായ അമ്മയെ പരിചരിക്കാനായി ദേശീയ ടീം നായകന്റെ റോള്‍ അദേഹം ഉപേക്ഷിച്ചത് ലക്ഷക്കണക്കിന് കായിക പ്രേമികളെ ഞെട്ടിക്കുന്നൊരു വാര്‍ത്തയായിരുന്നു. നിസഹായായ ബാല്യത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി എത്രയോ അധികം കഷ്ടപ്പെട്ടിട്ടുണ്ടാകണം. അങ്ങനെയെങ്കില്‍ യാതനാപൂര്‍ണ്ണമായ അവരുടെ വാര്‍ധക്യത്തില്‍ മക്കളല്ലേ സ്‌നേഹവും സംരക്ഷണവും നല്‍കേണ്ടത്. ഫുട്‌ബോള്‍ താരം റോമന്‍ റിക്വല്‍സിയുടെ ഈ കാഴ്ചപ്പാട് വൃദ്ധമാതാപിതാക്കള്‍ക്ക് താങ്ങും തണലുമാകാന്‍ അനേകരെ പ്രചോദിപ്പിക്കുന്നതായിരുന്നു. എങ്കിലും പ്രശസ്തിയുടെ നടുവില്‍നിന്നും ഇക്കരണത്താല്‍ വിരമിക്കേണ്ടതില്ലെന്നായിരുന്നു ആരാധകരില്‍ കുറെപ്പേരുടെ അഭിപ്രായം. അവര്‍ പറഞ്ഞു. ”അമ്മയെ നോക്കാന്‍ എന്തെങ്കിലും നല്ല നഴ്‌സുമാരെ ചുമതലപ്പെടുത്തുന്നതാണ് നല്ലത്. ഇപ്പോള്‍ കിട്ടുന്ന ലക്ഷക്കണക്കിന് ഡോളറും അതിനേക്കാളുപരിയുള്ള പ്രശസ്തിയും വെറുതെ കളയരുത്.” മറുപടിയെന്നോണം റിക്വല്‍മി ചിരിച്ചുകൊണ്ട് പറഞ്ഞു. ”എനിക്ക് ഫുട്‌ബോള്‍ കളിയേക്കാള്‍ വലുതാണ് അമ്മയുടെ ആരോഗ്യം. കാരണം അമ്മയാണ് എന്നെ ഈ കളിയിലേക്ക് നയിച്ചത്. അമ്മയുടെ അവസ്ഥ പരിതാപകരമാണ്. ഇപ്പോള്‍ അമ്മക്കെന്നെ ആവശ്യമാണ്.” പിന്നീട് വിമര്‍ശകര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല.

പത്രങ്ങളില്‍ വന്ന ഈ വാര്‍ത്ത എത്രയധികം ആളുകളെയാണ് സ്വാധീനിച്ചതെന്നറിയാമോ? ഒറ്റപ്പാലം സ്വദേശി ഗോവിന്ദന്‍കുട്ടി ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള ജോലിയും എല്ലാ സൗഭാഗ്യങ്ങളും ക്ഷണനേരം കൊണ്ട് ത്യജിച്ചത് ഈ ഒരൊറ്റവാര്‍ത്തയുടെ പിന്‍ബലത്തിലാണ്.

1978ലാണ് ഒരു ചരക്ക് കപ്പലില്‍ മറൈന്‍ എഞ്ചിനീയറായി ഗോവിന്ദന്‍കുട്ടി ജോലിക്ക് കയറുന്നത്. ഏതാണ്ട് 46 ല്‍ ഏറെ രാജ്യങ്ങളില്‍ അദ്ദേഹം ചുറ്റിക്കറങ്ങി. പിതാവ് ശങ്കുണ്ണിനായര്‍ അന്ന് മദ്രാസില്‍ ‘ഈശ്വരീവിലാസ്’ എന്ന ഹോട്ടല്‍ നടത്തുകയാണ്. യാതൊരു സാമ്പത്തികബുദ്ധിമുട്ടുകളുമില്ലാത്ത കുടുംബം. മാതാവ് തങ്കമാളു അമ്മയും പോളിയോ ബാധിച്ച് കാലുകളുടെ ശേഷി നഷ്ടപ്പെട്ട ഏകസഹോദരന്‍ ഉണ്ണിക്കൃഷ്ണനും മാത്രമായിരുന്നു ഒറ്റപ്പാലത്തെ കുടുംബവീട്ടില്‍. 1985 ല്‍ ജ്യേഷ്ഠന്‍ വിവാഹിതനായി. പിന്നീട് ആറുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഗോവിന്ദന്‍കുട്ടിയുടെ വിവാഹം.

2003 മെയ് അഞ്ചിനാണ് അയാളുടെ അമ്മ ശരീരം തളര്‍ന്ന് കിടക്കയില്‍ വീഴുന്നത. അച്ഛന്റെ മരണശേഷം അയാളുടെ ജീവിതത്തിന്റെ തിരിനാളമായിരുന്നു അമ്മ. ആ തിരിനാളം കെടാതെ സൂ ക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അയാള്‍ കരുതി. പിന്നീട് ജോലി രാജിവെച്ച് മടങ്ങിവന്ന് അമ്മയുമായി ആശുപത്രികള്‍ തോറും അദേഹം കയറിയിറങ്ങി.

ശരീരം ചലിപ്പിക്കാനാകാത്ത അമ്മയെ കുളിപ്പിക്കുമ്പോഴും മലമൂത്രം നിറഞ്ഞ തുണി എടുത്തുമാറ്റി പുതിയത് ധരിപ്പിക്കുമ്പോഴും അയാളുടെ മുഖത്ത് അസ്വാരസ്യത്തിന്റെ ചുളിവുകള്‍ വീണില്ല. ബാല്യകാലത്ത് തന്റെ ശരീരത്തെ ഇതേ അവസ്ഥയില്‍ അമ്മ സംരക്ഷിച്ചിരുന്ന നല്ല ഓര്‍മ്മകളാണ് അയാളെ അതിന് പ്രചോദിപ്പിച്ചത്. ഒരിക്കല്‍ അമ്മക്കുള്ള മരുന്ന് പൊതിഞ്ഞുതന്നത് ഒരു തമിഴ്പത്രത്തിന്റെ ചെറിയ കഷണത്തിലാണ്. അതില്‍ പ്രാചീന ഗുരു മനുവിന്റെ ഉദ്ധരണി: ”പത്ത് ആശ്രിതര്‍ ഒരു ഗുരുവിന് തുല്യം. നൂറു ഗുരുക്കള്‍ ഒരു അപ്പന് തുല്യം. ആയിരം അപ്പന്മാര്‍ ഒരു അമ്മയ്ക്ക് തുല്യം.” ആ പേ പ്പര്‍ തുണ്ട് ഗോവിന്ദന്‍ കുട്ടിയുടെ കയ്യിലിപ്പോഴുമുണ്ട്.

അമ്മയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ മകനൊടൊപ്പം കോഴിക്കോട് ഗോവിന്ദന്‍കുട്ടി ഫ്‌ളാറ്റിലായിരുന്നു. കാരറ്റും ചെറുപയറും പട്ടാണി കടലയുമടങ്ങിയ ഭക്ഷണമായിരുന്നു അമ്മയ്ക്ക് പ്രിയം. അത്, ആവശ്യമായ സമയങ്ങളിലൊക്കെ നല്‍കാനും വയറിളകിയാല്‍ ഉടന്‍ തുണികള്‍ മാ റാനും തയാറായി കിടക്കയ്ക്കരുകില്‍ ഗോവിന്ദന്‍ കുട്ടി കാത്തിരുന്നു. ഈ കാലത്താണ് ഗോവിന്ദന്‍കുട്ടിയോട് അമ്മ, ആരോടും പറയാതിരുന്ന ആ കഥ പറഞ്ഞത്.

”അന്ന് ഗാവിന്ദന്‍കുട്ടി അമ്മയുടെ ഉദരത്തില്‍ ജന്മമെടുത്ത കാലം. അമ്മയുടെ ശാരീരിക ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് അബോര്‍ഷന്‍ ചെയ്യാനായിരുന്നു ഡോക്ടര്‍മാരുടെ ഏകകണ്ഠമായ നിര്‍ദ്ദേശം. അങ്ങനെ പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഗര്‍ഭഛിദ്രത്തിനുള്ള മരുന്നും കഴിച്ചു. പക്ഷേ, ദൈവം സംരക്ഷിച്ചു. ഒരു കുഴപ്പവുമില്ലാതെ ഗോവിന്ദന്‍കുട്ടി ജനിച്ചു. ആ മരുന്ന് ഫലിച്ചിരുന്നെങ്കില്‍ എനിക്ക് നഷ്ടപ്പെടുമായിരുന്ന എന്റെ പുന്നാരമോനല്ലേ ഇത്…” മകനെ തന്റെ ദുര്‍ബലമായ കരം ചേര്‍ത്തണയ്ക്കുമ്പോള്‍ അമ്മയുടെയും മകന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു…

2008 ഡിസംബര്‍ അഞ്ചിന് ഗോവിന്ദന്‍കുട്ടിയെ തനിച്ചാക്കിയിട്ട് അമ്മ പോയി. ഈ മാതൃ-പുത്ര സ്‌നേഹത്തിന്റെ കഥക ള്‍ കണ്ടും കേട്ടും അറിഞ്ഞ് ധാരാളം പേര്‍ ഗോവിന്ദന്‍കുട്ടിയെ സമീപിക്കാറുണ്ട്. സ്‌കൂളുകളിലും കോളജുകളിലും ഗോവിന്ദന്‍കുട്ടി പോകാറുണ്ട്. അവരോട് ഇയാള്‍ പറയുന്നത് ഒന്നുമാത്രം. ” അനുഗ്രഹം പ്രാപിക്കണോ, ഭൂമിയില്‍ നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ സ് നേഹിക്കുക;”

Leave A Reply

Your email address will not be published.