ശബ്ദത്തേക്കാള്‍ വേഗത്തില്‍ യാത്ര ചെയ്യണമെന്നാണ് ഇന്നത്തെ തലമുറയുടെ ആഗ്രഹം. ആ ആഗ്രഹം ഇനി സാക്ഷാത്കരിക്കാന്‍ പോകുന്നു. അതിനുള്ള സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഇനി ആകാശം വാഴാന്‍ പോകുകയാണ്. അതായത് കോഴിക്കോട് നിന്ന് തൃശൂരിലെത്തും മുമ്പ് ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലെത്താന്‍ കഴിയുമെന്ന് സാരം.
ബൂം സൂപ്പര്‍സോണിക്, എയ്‌റിയോണ്‍ സൂപ്പര്‍സോണിക്, സ്‌പൈക് എയ്‌റോസ്‌പേസ് എന്നീ അമേരിക്കന്‍ കമ്പനികളാണ് വിമാനയാത്രയുടെ സമയം കുറയ്ക്കുവാനുള്ള കുതിപ്പില്‍ ഒന്നാമതെത്തുവാനായി ഓടിക്കൊണ്ടിരിക്കുന്നത്. 2025 ല്‍ സൂപ്പര്‍സോണിക് വിമാനങ്ങള്‍ സാധാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൂപ്പര്‍സോണിക് യാഥാര്‍ത്ഥ്യമായാല്‍ ലോസ് ആഞ്ചലസില്‍ നിന്നും ഷംങ്ഗായിയിലേക്കുള്ള 12 മണിക്കൂര്‍ വെറും 6 മണിക്കൂറായി കുറയും. 2.335 കിമി വേഗത്തില്‍ പറക്കുന്ന സൂപ്പര്‍സോണിക് വിമാനം നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും എയ്‌റോസ്‌പേസ് സംരംഭകരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടക്കുന്നതെന്നും ബൂം സൂപ്പര്‍സോണിക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ബ്ലേയ്ക്ക്് ഷോള്‍ പറയുന്നു.
സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്കുള്ള ബൂം എന്ന കമ്പനിയുടെ ഗവേഷണങ്ങള്‍ക്ക് 100 മില്യണ്‍ ഡോളറാണ് നിക്ഷേപമായി ലഭിച്ചിരിക്കുന്നത്. ശബ്ദത്തിന്റെ ഇരട്ടിവേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍സോണിക് വിമാനം വാങ്ങാന്‍ വിമാനകമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു. ബുമിന് ഇപ്പോള്‍ തന്നെ വെര്‍ജിന്‍ ഗ്രൂപ്പിനുവേണ്ടി പത്തും ജപ്പാന്‍ എയര്‍ലൈന്‍സിനുവേണ്ടി 20 സൂപ്പര്‍സോണിക് വിമാനത്തിനുമുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു.
ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് മൂന്നര മണിക്കൂറുകൊണ്ട് പറന്നെത്താനാകുമെന്നാണ് ഈ സൂപ്പര്‍ സോണിക് വിമാനങ്ങളുടെ പ്രത്യേകത. നിലവില്‍ വിമാനയാത്രയ്‌ക്കെടുക്കുന്നതിന്റെ ഇരട്ടിവേഗമാണിത്. നിലവിലെ ബിസ്‌നസ്സ് ടിക്കറ്റിന്റെ നിരക്കില്‍ സൂപ്പര്‍സോണിക് യാത്ര സാധ്യമാക്കുകയാണ് ബൂമിന്റെ ലക്ഷ്യം. ബും നിര്‍മ്മിക്കുന്ന സൂപ്പര്‍സോണിക് വിമാനത്തിന് പരമാവധി മണിക്കൂറില്‍ 2335 കിലോമീറ്ററായിരിക്കും വേഗം. ശബ്ദത്തിന് മണിക്കൂറില്‍ 1236 കിലോമീറ്ററാണ് വേഗം. നിലവില്‍ ശബ്ദത്തെക്കാള്‍ 2.2 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാകുന്ന എക്‌സ്ബി-1 എന്ന വിമാനത്തിന്റെ നിര്‍മാണത്തിലാണ് ബൂം. ഈ വര്‍ഷം മധ്യത്തോ ബൂം എക്‌സ്ബി-1 പറന്നുയരുമെന്നാണ് പ്രതീക്ഷ.
സൂപ്പര്‍സോണിക് ബൂമില്‍ വെറും 55 സീറ്റേ കാണുകയുള്ളു. മൂന്ന് എഞ്ചിനായിരിക്കും ഉണ്ടാകുക. സാധാരണവിമാനങ്ങളേക്കാള്‍ ഉയരത്തിലായിരിക്കും സൂപ്പര്‍ സോണിക് വിമാനങ്ങളുടെ പാത.